മസ്കത്ത്: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത തൊഴിൽ  പരസ്യങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. ഒമാനിലെ ആരോഗ്യ  മന്ത്രാലയത്തിലേക്ക് ഇന്ത്യയിൽ നിന്നുമുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും തൊഴിൽ അവസരമുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന  പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് റോയൽ ഒമാൻ  പോലീസിന്റെ ജാഗ്രതാ നിർദ്ദേശം.

വ്യാപകമായി പ്രചരിക്കുന്ന പരസ്യത്തിന്റെ  നിജസ്ഥിതി  അന്വേഷിച്ചതിന് ശേഷമാണ് പൊലീസ് മുന്നിറിയിപ്പ് സന്ദേശം നല്‍കിയത്. ഇന്ത്യയിൽ നിന്നുള്ള  ഡോക്ടർമാർക്കും  നഴ്‌സുമാർക്കും  തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തൊഴിൽ അന്വേഷകർ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ  ശ്രദ്ധിക്കണമെന്നും റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.