ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നല്‍കുമെന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബൈ ആര്‍ടിഎ. ഒരു ദുബൈ നിവാസി ഈ വ്യാജ പരസ്യത്തിന്‍റെ ചിത്രം ദുബൈ ആർ.ടി.എയുടെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. 

ദുബൈ: ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവും കുറഞ്ഞ നിരക്കിൽ ആർ.ടി.എ. സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇമെയിലുകളിലൂടെയും സോഷ്യൽ മീഡിയ വഴിയുമാണ് ഈ തട്ടിപ്പ് സന്ദേശം പ്രചരിക്കുന്നത്. 'ഇന്ന് ഓൺലൈനായി പണമടച്ചാൽ ആർ.ടി.എ. സേവനങ്ങൾക്ക് പകുതി വിലയിളവ്' എന്നാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഈ പേജും ഓഫറും തങ്ങളുടേതല്ലെന്ന് ആർ.ടി.എ. സ്ഥിരീകരിച്ചു.

ഒരു ദുബൈ നിവാസി ഈ വ്യാജ പരസ്യത്തിന്‍റെ ചിത്രം ദുബൈ ആർ.ടി.എയുടെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. പണമടയ്ക്കുമ്പോൾ ആർ.ടി.എ. സേവനങ്ങൾക്ക് പകുതി വില വാഗ്ദാനം ചെയ്യുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഈ പേജിന് അതോറിറ്റിയുമായി ബന്ധമില്ലെന്ന് ആർ.ടി.എ. വ്യക്തമാക്കുകയും, ഡിജിറ്റൽ സേവന ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണിതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അധികൃതരുടെ നിർദ്ദേശങ്ങൾ

അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ പണമടയ്ക്കുന്നതോ ഒഴിവാക്കുക. പിഴകളോ മറ്റ് സേവനങ്ങളോ അടയ്ക്കുന്നതിന് ഔദ്യോഗിക ആർ.ടി.എ. ചാനലുകൾ മാത്രം ഉപയോഗിക്കുക (വെബ്സൈറ്റ്, ടിക്കറ്റ് ഓഫീസുകൾ, വെൻഡിംഗ് മെഷീനുകൾ എന്നിവ).

അതേസമയം യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുകയാണ്. ഇതിനിടെ വ്യാജ ട്രാഫിക് പിഴകൾ, യാത്രാ ടിക്കറ്റുകൾ, ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് യുഎഇ സൈബർ സുരക്ഷാ കൗൺസിലും ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകി.

ഔദ്യോഗിക എയർലൈൻ അല്ലെങ്കിൽ ട്രേഡിംഗ് വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.

വെബ്സൈറ്റ് വിലാസവും സന്ദേശമയച്ചവരുടെ ഐഡന്‍റിറ്റിയും സ്ഥിരീകരിക്കുക.

വിശ്വസിക്കാൻ കഴിയാത്തത്ര നല്ല ഡീലുകൾ ശ്രദ്ധിക്കുക.

വിശ്വസനീയമല്ലാത്ത പേയ്മെന്‍റ് രീതികളോ ലിങ്കുകളോ വഴി പണമടയ്ക്കുന്നത് ഒഴിവാക്കുക.

തട്ടിപ്പുകൾ സംശയം തോന്നിയാൽ ഉടൻ റിപ്പോർട്ട് ചെയ്യുക.

തട്ടിപ്പുകാർ ഇരകളെ കബളിപ്പിക്കാൻ എ.ഐ. ഉൾപ്പെടെയുള്ള ഡിജിറ്റൽ ടൂളുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിപരവും ബാങ്കിംഗ് സംബന്ധവുമായ വിവരങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം അവർ വ്യക്തമാക്കിയിട്ടുണ്ട്.