ദുബായ്: ബലി പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ 203 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മാപ്പ് നല്‍കി മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരം നല്‍കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു.

തടവുകാരെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ഇതുവഴി മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ബലിപെരുന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം പങ്കുചേരാന്‍ കഴിയുമെന്നും ദുബായ് അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. 

ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവര്‍. യുഎഇ സുപ്രീം  കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 62 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ജയില്‍വാസ കാലയളവിലെ സ്വഭാവം ഉള്‍പ്പെടെ പരിശോധിച്ചാണ് മോചിപ്പിക്കുന്നത്.