അബുദാബി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ യുഎഇ ദിര്‍ഹത്തിന് 20 രൂപയ്ക്ക് മുകളില്‍ വിനിമയ നിരക്ക് ലഭിച്ചേക്കുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. ആറ് മാസത്തെ ഉയര്‍ന്ന നിരക്കായ 19.54 രൂപയിലാണ് ഇന്ന് ഒരുഘട്ടത്തില്‍ വിനിമയം നടന്നത്. പിന്നീട് രൂപ അല്‍പം നില മെച്ചപ്പെടുത്തി 19.47ലെത്തി. കഴിഞ്ഞ നാല് മാസങ്ങളിലായി 4.4 ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിട്ടത്.

കശ്മീര്‍ പ്രശ്നവും മറ്റ് നിരവധി അന്താരാഷ്ട്ര വിഷയങ്ങളുമെല്ലാം രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. ഇതിന് മുന്‍പ് കഴിഞ്ഞ ഒക്ടോബറില്‍ യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 20.24ല്‍ എത്തിയിരുന്നു. പിന്നീട് ഏപ്രില്‍ നാലിന് 18.66ലേക്ക് ശക്തിപ്പെട്ടു. വരും മാസങ്ങളില്‍ അമേരിക്കന്‍ ഡോളറിനെതിരെ 73 മുതല്‍ 74 വരെയെത്തുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ യുഎഇ ദിര്‍ഹത്തിന് 19.90 രൂപ മുതല്‍ 20.20 വരെ ലഭിച്ചേക്കും.