ദുബായ്: അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ വന്‍തിരക്ക്. വിവിധ കാരണങ്ങളാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ അനുമാനം. കൂടുതല്‍ ഉയര്‍ന്ന മൂല്യം പ്രതീക്ഷിച്ച് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരുമുണ്ട്.

അമേരിക്കന്‍ ഡോളറിനെതിരെ തിങ്കളാഴ്ച മാത്രം രൂപയ്ക്ക് 1.4 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം ഇത്രയും ഇടിവ് രൂപ നേരിടുന്നതും ഇതാദ്യമായാണ്. സാമ്പത്തിക രംഗത്തെ മന്ദത, പണപ്പെരുപ്പം, കശ്മീര്‍ വിഷയം തുടങ്ങിയ കാരണങ്ങളാല്‍ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. ഇന്ന് യുഎഇ ദിര്‍ഹത്തിന് 19.23 രൂപ വരെ ചില എക്സ്‍ചേഞ്ചുകള്‍ നല്‍കി. വരും ദിവസങ്ങളില്‍ ഇത് 20 കടന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. മാസത്തിലെ ആദ്യ ദിനങ്ങളില്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് പ്രവാസികള്‍ക്ക് ആഹ്ലാദകരമാണ്.