അബുദാബി: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. സന്ദർശനത്തോടനുബന്ധിച്ച് ഊര്‍ജം, ടൂറിസം, വ്യാപാരം, തുടങ്ങിയ പതിനഞ്ചോളം സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കും. യുഎഇ തലസ്ഥാനമായ അബുദാബിയിലെത്തിയ പുതിന് രാജകീയ സ്വീകരണമാണ് ലഭിച്ചത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു റഷ്യന്‍ നേതാവ് രാജ്യം സന്ദര്‍ശിക്കുന്നത്. 

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുതിനെ വരവേറ്റു. ഇതോടൊപ്പം, യുഎഇ-റഷ്യ വാരാഘോഷത്തിനും എമിറേറ്റ്‌സ് പാലസില്‍ സാംസ്‌കാരിക പരിപാടികളോടെ തുടക്കമായി. യുഎഇയിടെ ആദ്യ ബഹിരാകാശ യാത്രികന്‍ റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിന്‍റെ സന്ദര്‍ശനം. ഊര്‍ജം, ടൂറിസം, വ്യാപാരം, ബഹിരാകാശം തുടങ്ങിയ പതിനഞ്ചോളം സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെയക്കും. 

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പുതിന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഊർജം, സുരക്ഷ, ഭീകരവിരുദ്ധപോരാട്ടം, തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനമായി. 90 വർഷം പഴക്കമുള്ള സൗദി-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുത്തൻ ചരിത്രം രചിക്കാനുമാണ് താനെത്തിയതെന്നു വ്ലാഡിമിർ പുതിൻ പറഞ്ഞു. 

ജി-20 കൂട്ടായ്മയിൽ സൗദി അറേബ്യ മുഖ്യ പങ്കാണ് വഹിക്കുന്നത്. സൗദിയുടെ പങ്കാളിത്തമില്ലാതെ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണലും സുസ്ഥിര വികസനവും അസാധ്യമാണ്. മധ്യപൗരസ്ത്യ ദേശത്ത് സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കാൻ സൗദി-റഷ്യ ഏകോപനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും വിവിധ കരാറുകൾ ഒപ്പുവച്ചു.