ദുബൈ: യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചതിന് 10 നാവികര്‍ക്ക് ശിക്ഷ. സംഘത്തിലെ ഓരോരുത്തര്‍ക്കും ആറ് മാസം ജയില്‍ ശിക്ഷയാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ ജുലൈയിലാണ് യുഎഇ കോസ്റ്റ് ഗാര്‍ഡ് ഇവരെ അറസ്റ്റ് ചെയ്‍തത്.

കപ്പലിലെ രണ്ട് ക്യാപ്റ്റന്മാരും എട്ട് ജീവനക്കാരുമാണ് പിടിയിലായത്. ജീവനക്കാരിലൊരാള്‍ ഇന്ത്യക്കാരനും മറ്റുള്ളവരെല്ലാം ഇറാന്‍ പൗരന്മാരുമാണ്. നടുക്കടലില്‍ വെച്ച് കപ്പലില്‍ ഇന്ധനം നിറയ്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്താന്‍ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘത്തിന് കമാന്റ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിക്കുകയായിരുന്നു.

രണ്ട് ബോട്ടുകളില്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു ബോട്ടില്‍ നിന്ന് കപ്പലിലേക്ക് ഇന്ധനം നിറയ്ക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോസ്റ്റ്ഗാര്‍ഡ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബോട്ട് ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാവികരോട് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അവരുടെ പക്കല്‍ ഒരു രേഖകളും ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ദുബൈയിലേക്ക് കൊണ്ടുവന്നു.

അനധികൃതമായി രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിനും അനുമതിയില്ലാതെ കപ്പലില്‍ ഇന്ധനം നിറച്ചതിനുമാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്.