ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോടേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ. ഈ മാസം 31 മുതല്‍ എല്ലാ ശനിയാഴ്ചകളിലും സലാല- കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടാകും.

സലാല: ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോടേക്ക് ഉൾപ്പെടെ നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്‍റെ ബജറ്റ് എയർലൈനായ സലാം എയർ. ശൈത്യകാല സര്‍വീസുകളുടെ ഭാഗമായാണ് സലാലയില്‍ നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പ്രതിവാര സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഈ മാസം 31 മുതല്‍ എല്ലാ ശനിയാഴ്ചകളിലും സലാല- കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും സലാം എയര്‍ നേരിട്ട് സര്‍വീസ് നടത്തും. സലാം എയറിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

സൗദിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇന്ത്യൻ വിമാന കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ എയർലൈനുകളാണ് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച തീരുമാനം നീട്ടിയത്.

റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 20 വരെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇൻഡിഗോ എയർലൈൻ ഒക്ടോബർ 24 വരെ റദ്ദാക്കി. ആകാശ എയർ റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെയും ജിദ്ദയിലേക്കുള്ളവ ഒക്ടോബർ 21 വരെയും നിർത്തിവെച്ചു.