2023 സെപ്‍റ്റംബര്‍ മാസം മുതല്‍ എജ്യുക്കേഷന്‍ സപ്പോര്‍ട്ട് അലവന്‍സില്‍ പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ് വരുമെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ദുബൈ: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് ലാഭത്തിന് പിന്നാലെ ജീവനക്കാര്‍ക്കായി ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ്. അടിസ്ഥാന ശമ്പളത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനവും താമസ, യാത്രാ അലവന്‍സുകളിലെ വര്‍ദ്ധനവുമാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കന്നത്. അടുത്ത മാസം മുതല്‍ പുതുക്കിയ ശമ്പളം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്.
2023 സെപ്‍റ്റംബര്‍ മാസം മുതല്‍ എജ്യുക്കേഷന്‍ സപ്പോര്‍ട്ട് അലവന്‍സില്‍ പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ് വരുമെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തെ എല്ലാ ജീവനക്കാര്‍ക്കും 24 ആഴ്ചയിലെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയുടെ ബോണസ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പള വര്‍ദ്ധനവും എമിറേറ്റ്സ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. യുഎഇ പൗരന്മാരായ ജീവനക്കാര്‍ക്ക് ലഭിക്കുന്ന റിറ്റെന്‍ഷന്‍ അലവന്‍സും വര്‍ദ്ധിപ്പിക്കും. എന്നാല്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ അതത് സ്ഥലങ്ങളിലെ ജീവിതച്ചെലവ് കണക്കാക്കിയുള്ള വര്‍ദ്ധനവായിരിക്കും ശമ്പളത്തില്‍ വരിക.
2022- 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലെ കണക്കുകള്‍ പ്രകാരം 1,02,379 ജീവനക്കാരാണ് എമിറേറ്റ്സ് ഗ്രൂപ്പിനുള്ളത്. എമിറേറ്റ്സ് എയര്‍ലൈന് പുറമെ ഗ്രൗണ്ട് ഹാന്റ്‍ലിങ്, കാര്‍ഗോ, ട്രാവല്‍ ആന്റ് ഫ്ലൈറ്റ് കാറ്ററിങ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഡിനാറ്റയുമാണ് ഗ്രൂപ്പിലെ പ്രധാന കമ്പനികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 85,219 ജീവനക്കാരെ എമിറേറ്റ്സ് പുതിയതായി എടുത്തിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ 10.9 ബില്യന്‍ ദിര്‍ഹത്തിന്റെ സര്‍വകാല റെക്കോര്‍ഡ് ലാഭമാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 3.8 ബില്യന്‍ ദിര്‍ഹമായിരുന്നു ലാഭം. ഗ്രൂപ്പിന്റെ വരുമാനം ഇതേ കാലയളവില്‍ 81 ശതമാനം വര്‍ദ്ധിച്ച് 119.9 ബില്യന്‍ ദിര്‍ഹമായി ഉയര്‍ന്നു.
