725 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ബുര്‍ജ് അസിസി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമെന്ന ഖ്യാതിക്ക് പുറമെ മറ്റ് നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി, യുഎഇയുടെ അഭിമാനമായി മാറിയ ബുര്‍ജ് ഖലീഫയെപ്പറ്റി അറിയാത്തവരുണ്ടാകില്ല. പുരോഗതിക്ക് ഒരു പടി മുമ്പേ സഞ്ചരിച്ചിട്ടുള്ള യുഎഇ എപ്പോഴും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്പോഴിതാ യുഎഇയുടെ പേര് വാനോളമുയര്‍ത്താനായി മറ്റൊരു ഉയരമേറിയ കെട്ടിടം കൂടി വരികയാണ്, വെറുമൊരു കെട്ടിടമല്ല- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം- ബുര്‍ജ് അസീസി.
ബുര്‍ജ് അസീസി എന്ന പേര് കേട്ട് തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ദുബൈയില്‍ പുരോഗമിക്കുന്നതിന്‍റെ വിവരങ്ങൾ പലപ്പോഴായി പുറത്തുവന്നിട്ടുമുണ്ട്. ബുർജ് അസിസിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം കൗതുകമുള്ളതാണ്. സഞ്ചാരികളുടെ പറുദീസയായ, ദുബൈയുടെ സൗന്ദര്യം മുഴുവനായും ആസ്വദിച്ച് കഴിയണമെന്ന സ്വപ്നം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരാണോ? എന്നാല്‍ പുറത്തുവരുന്ന ഈ അപ്ഡേറ്റ് നിങ്ങൾക്കുള്ളതാണ്.
ലോകത്തിലെ ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്‍റുകള്‍ ഉൾപ്പെടെയുള്ള സ്ഥലസൗകര്യങ്ങൾ വിൽപ്പനയ്ക്ക് വെക്കുകയാണ്. ആഗോള തലത്തിലുള്ള സെയിൽ ഏഴ് നഗരങ്ങളിലാണ് സംഘടിപ്പിക്കുന്നത്. നാളെ ഫെബ്രുവരി 19നാണ് വില്‍പ്പന തുടങ്ങുന്നത്. സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളായ അസിസി ഡെവലപ്മെന്‍റ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 725 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ബുർജ് അസീസിയിലെ അപാര്‍ട്ട്മെന്‍റുകളടക്കം വാങ്ങാൻ താൽപ്പര്യമുള്ളവര്‍ക്ക് നാളെ ഇതിനായുള്ള അവസരം ഒരുങ്ങുകയാണ്. ദുബൈയിലെ കൊൺറാഡ് ഹോട്ടൽ, ഹോങ്കോങ്ങിലെ ദി പെനിന്‍സുല, ലണ്ടനിലെ ദി ഡോര്‍ചെസ്റ്റര്‍, മുംബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ജുഹു, സിംഗപ്പൂരിലെ മരീന ബേ സാൻഡ്സ്, സിഡ്നിയിലെ ഫോര്‍ സീസൺസ് ഹോട്ടല്‍, ടോക്കിയോയിലെ പാലസ് ഹോട്ടൽ എന്നിവിടങ്ങളിലായാണ് ബുര്‍ജ് അസീസിയുടെ വിൽപ്പന നടക്കുക.
ദുബൈയിലെ ശൈഖ് സായിദ് റോഡിൽ നിര്‍മ്മാണം പുരോഗമിക്കുന്ന ബുർജ് അസീസിക്ക് 131 ലേറെ നിലകളാണ് ഉണ്ടാകുക. ഇതില്‍ റെസിഡൻഷ്യൽ, ഹോട്ടൽ, റീട്ടെയ്ൽ, എന്‍റര്‍ടെയ്ന്‍മെന്‍റ് സ്പേസുകള്‍ ഉണ്ടാകും. 2028 ഓടെ ബുര്‍ജ് അസീസിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ പോലുള്ള ലോകത്തിലെ വിവിധ നഗരങ്ങളില്‍ പുതിയ പദ്ധതികള്‍ ദിവസേന രൂപംകൊള്ളാറുണ്ട്. എന്നാല്‍ ബുര്‍ജ് അസീസി പോലുള്ള പദ്ധതികള്‍ ഒരു തലമുറയില്‍ ഒരിക്കല്‍ സംഭവിക്കുന്നതാണ്- അസീസി ഡെവലപ്മെന്‍റിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വൈസ് അസിസിയുടെ വാക്കുകളാണിത്.
Read Also - നൂറുകണക്കിന് തൊഴിലവസരങ്ങൾ, പുതിയ പദ്ധതികളുമായി ലുലു; യുഎഇയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും ഔട്ട്‍ലറ്റുകൾ
ബുര്‍ജ് അസീസി ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കുമെന്നാണ് അസിസി ഡെവലപ്മെന്‍റ്സ് അവകാശപ്പെടുന്നത്. ഉയരം കൂടിയ ഹോട്ടല്‍ ലോബി, ഉയരം കൂടിയ നൈറ്റ് ക്ലബ്ബ്, ഉയരമേറിയ റെസ്റ്റോറന്‍റ്, ഉയരമേറിയ ഹോട്ടൽ മുറി എന്നീ റെക്കോര്‍ഡുകളാണ് ബുര്‍ജ് അസീസിക്ക് സ്വന്തമാകുകയെന്നാണ് അസിസി ഡെവലപ്മെന്‍റ്സ് പറയുന്നത്. ഒന്നും രണ്ടും മൂന്നും കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്മെന്‍റുകളും ബുര്‍ജിൽ ഉണ്ടാകും.
വെർട്ടിക്കൽ ഷോപ്പിങ് മാളും ബുര്‍ജ് അസീസിയില്‍ ഉണ്ടാകും. ഇതിന് പുറമെ സെവന്‍ സ്റ്റാര്‍ ഹോട്ടലും ബുര്‍ജ് അസീസിയില്‍ നിര്‍മ്മിക്കും. പെന്‍റ്ഹൗസുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഹോളിഡേ ഹോംസ്, വെല്‍നെസ് സെന്‍റര്‍, സ്വിമ്മിങ് പൂളുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റെസിഡന്‍റ് ലോഞ്ച്, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ബുര്‍ജ് അസീസിയില്‍ കാത്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മേഘങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന അനുഭവമാകും ഇത്. ക്വാലാലംപൂരിലെ മെര്‍ദേക്ക 118 ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം. 678.9 മീറ്ററാണ് ഇതിന്‍റെ ഉയരം. പണി പൂര്‍ത്തിയാകുമ്പോള്‍ ബുര്‍ജ് അസീസി ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
