ദുബായ് ജീവിതം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച മലയാളി യുവതിയുടെ വീഡിയോ വൈറൽ. കുട്ടികളുടെ വിദ്യാഭ്യാസം, ഉയർന്ന ജീവിതച്ചെലവ്, സാമ്പത്തിക സ്വാതന്ത്ര്യം, കുടുംബത്തോടൊപ്പമുള്ള ജീവിതം എന്നിവയാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു.
ആഡംബരങ്ങൾ നിറഞ്ഞ ദുബായ് ജീവിതം ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച മലയാളി യുവതി ലീബ സുബിന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ലീബ ഈ തീരുമാനത്തിന് പിന്നിലെ പ്രായോഗികവും വൈകാരികവുമായ കാരണങ്ങൾ വ്യക്തമാക്കിയത്. ഇതൊരു പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും കൃത്യമായ പ്ലാനിംഗോടെ എടുത്തതാണെന്നും ലീബ പറയുന്നു. പ്രധാനമായും നാല് കാരണങ്ങളാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം
ദുബായിലെ വിസ പുതുക്കേണ്ട സമയവും താമസിക്കുന്ന വീടിന്‍റെ കരാർ അവസാനിക്കുന്ന സമയവും ഒരേപോലെ വന്നപ്പോൾ, ജീവിതത്തെക്കുറിച്ച് ശാന്തമായി ചിന്തിക്കാൻ കുടുംബത്തിന് സമയം ലഭിച്ചുവെന്നും അങ്ങനെയെടുത്ത തീരുമാനമാണിതെന്നും ഇവർ പറയുന്നു. തിരിച്ച് വരവിന് പിന്നിലെ പ്രധാന കാരണമായി അവർ ചൂണ്ടികാട്ടുന്നത് കുട്ടികളുടെ പഠനവും യാത്രയുമാണ്. ദുബായിൽ സ്കൂളിൽ പോകാൻ കുട്ടിക്ക് പുലർച്ചെ 6 മണിക്ക് വീട്ടിൽ നിന്നിറങ്ങേണ്ടി വന്നിരുന്നു. ദിവസവും ഒന്നര മണിക്കൂർ യാത്ര ഇതിനായി ആവശ്യമാണ്. എന്നാൽ, കേരളത്തിൽ വീടിന് 10 മിനിറ്റ് മാത്രം ദൂരെയുള്ള ഇന്‍റർനാഷണൽ സ്കൂളിൽ പ്രവേശനം ലഭിച്ചത് വലിയ ആശ്വാസമായെന്ന് ലീബ കൂട്ടിചേർക്കുന്നു.
ഉയർന്ന വാടക
നാട്ടിലേക്ക് മടങ്ങിയെത്തിയാൽ ദുബായിലെ ഉയർന്ന വാടകയും മറ്റ് ജീവിതച്ചെലവുകളും നൽകേണ്ടി വരുന്നില്ലെന്നതാണ് മറ്റൊരു നേട്ടമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ തങ്ങൾക്ക് കടങ്ങളോ ഇഎംഐ (EMI) ബാധ്യതകളോ ഇല്ലാത്ത അവസ്ഥയിലാണ്. ഈ സാമ്പത്തിക സ്വാതന്ത്ര്യം വലിയ മാനസിക സമാധാനം നൽകുന്നുണ്ട്. ഗൾഫിലെ ഒറ്റപ്പെട്ട ജീവിതത്തിന് പകരം നാട്ടിലെ സൗഹൃദങ്ങളും അയൽപക്ക ബന്ധങ്ങളും തിരികെ ലഭിച്ചത് ജീവിതത്തിന് പുതിയ അർത്ഥം നൽകിയെന്നും മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായാണെന്നും ലീബ തിരിച്ചറിയുന്നു.
എല്ലാവരോടും ആലോചിക്കുക
ജീവിതത്തിൽ ഇത്തരം വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ കുടുംബാംഗങ്ങൾ തമ്മിലുള്ള തുറന്ന സംസാരം അനിവാര്യമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. "നിങ്ങൾ പങ്കാളിയോടോ കുട്ടികളോടോ കുടുംബാംഗങ്ങളോടോ തുറന്ന് സംസാരിക്കുക. എല്ലാവരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് തീരുമാനമെടുക്കുന്നതാണ് വിജയത്തിന്‍റെ രഹസ്യം." അവർ വീഡിയോയിൽ പറയുന്നു. നിലവിൽ 1,62,000-ത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. "ജീവിതം എവിടെയാണ് ഭംഗിയായി കാണപ്പെടുന്നത് എന്നതിനേക്കാൾ, എവിടെയാണ് മനസ്സിന് സമാധാനം തോന്നുന്നത് എന്നതാണ് പ്രധാനം" എന്ന ലീബയുടെ വാക്കുകൾ പല പ്രവാസികളും ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യൻ സ്ത്രീകൾ വിദേശത്തുനിന്നും മടങ്ങാൻ മടിക്കുന്നു എന്ന പൊതുധാരണയെ തിരുത്തിയ തീരുമാനമാണിതെന്ന് പലരും കുറിച്ചത് ചെയ്തു.


