Asianet News MalayalamAsianet News Malayalam

നാല് വര്‍ഷമായി യുഎഇയില്‍ വീട്ടുജോലിക്കാരി; സരിതയുടെ കഥാസമാഹാരം ഷാര്‍ജ പുസ്‍തകോത്സവത്തില്‍

സരിത എഴുതുകയാണ്. സ്വന്തം ജീവിതം. കഥകളായും കവിതകളായും. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് കീറിയെടുത്ത താളുകളാണ് ഇവരുടെ ഓരോ കഥയും കവിതയും. ജീവിതത്തിലെ ദുഖങ്ങളാണ് സരിത അക്ഷരങ്ങളാണ് പകര്‍ത്തിയെഴുതുന്നത്.

Saritha a malayali expat house maid waiting to get her first book released at Sharjah Book fest
Author
First Published Oct 31, 2022, 1:28 PM IST

ദുബൈ: കഴിഞ്ഞ നാലു വര്‍ഷമായി യുഎഇയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന സരിതാ പ്രമോദ് കുന്നരു എഴുതിയ കഥാസമാഹാരമാണ് ഗന്ധവാഹിനി. തന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സരിതയുടെ ഓരോ കഥകളും. വീട്ടുജോലിക്കിടെ കുത്തിക്കുറിച്ച ഈ കഥകൾ പുസ്തകമായി വായനക്കാരിലേക്കെത്തുകയാണ്. ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിലാണ് സരിതയുടെ കഥാസമാഹാരം പ്രകാശനം ചെയ്യുന്നത്. 

സരിത എഴുതുകയാണ്. സ്വന്തം ജീവിതം. കഥകളായും കവിതകളായും. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് കീറിയെടുത്ത താളുകളാണ് ഇവരുടെ ഓരോ കഥയും കവിതയും. ജീവിതത്തിലെ ദുഖങ്ങളാണ് സരിത അക്ഷരങ്ങളാണ് പകര്‍ത്തിയെഴുതുന്നത്. അതു കൊണ്ട് തന്നെ ഒരു മുള്ള് കൊത്തിവലിക്കുന്ന വേദനയോടെയല്ലാതെ ഈ കഥകളും കവിതകളും വായിച്ച് പോകാനാകില്ല.  എന്നാല്‍ താനെഴുതിയത് കഥയും കവിതയുമാണെന്ന് ഒരിക്കലും സമ്മതിച്ചു തരില്ല ഈ എഴുത്തുകാരി. ജീവിതം കുത്തിക്കുറിക്കുന്നതിനെ കഥയും കവിതയുമെന്ന് വിളിക്കാമോയെന്നാണ് ചോദ്യം

ജീവിത സാഹചര്യങ്ങളാണ് സരിതയെ പ്രവാസിയാക്കിയത്. വീട്ടുജോലിക്കാരിയായി അബുദാബിയിൽ താമസിക്കുന്ന കാലത്താണ് സരിത ഈ കഥകളും കവിതകളുമെഴുതുന്നത്. മനസ് ദുഃഖഭരിതമാകുമ്പോഴാണ് സരിത എഴുതാറുള്ളത്. കണ്ണീരിനെ അക്ഷരങ്ങളാക്കി കടലാസിലേക്ക് പകര്‍ത്തുന്നു. സരിതയുടെ സങ്കട മോചനദായകമാണ് ഈ വരികൾ.

ചെറുപ്പം മുതലുള്ള ഡയറിയെഴുത്താണ് സരിതയുടെ എഴുത്തിന്റെ ആദ്യപടി. മനസിലെ സങ്കടങ്ങൾ കടലാസില്‍ കുത്തിക്കുറിക്കുന്ന ശീലം പ്രവാസിയായപ്പോഴും മാറിയില്ല. അങ്ങനെ എഴുതിയവ ഒരു കൗതുകത്തിന് ഫേസ്‍ബുക്കിലിട്ടു. അപ്പോഴാണ് സുഹൃത്തുക്കൾ സരിതയുടെ എഴുത്തു മികവിനെ തിരിച്ചറിയുന്നത്. അവരുടെ പ്രോത്സാഹനത്തിൽ പിന്നെയുമെഴുതി. ഈ കഥകളിലെ നായകനും നായികയും കാറ്റും മഴയുമെല്ലാം താൻ തന്നെയാണെന്ന് സരിത പറയും.

സരിതയുടെ കഥകളുടെ കാമ്പും കരുത്തും തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണ് ഇവ പുസ്തകമാക്കണമെന്ന ആശയം മുന്നോട്ട് വച്ചത്. നാട്ടുകാരനായ പ്രവീൺ പാലക്കീൽ അതിനുള്ള കാര്യങ്ങളുമായി മുന്നിട്ടിറങ്ങി. സരിതയുടെ കഥകളിൽ ആറെണ്ണം തിരഞ്ഞെടുത്തു. ആ അക്ഷരങ്ങളിൽ അച്ചടിമഷി പുരണ്ടു. ഗന്ധവാഹിനിയെന്നാണ് സരിതയുടെ കഥാ സമാഹാരത്തിന്റെ പേര്. സരിതയുടെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ പേര്. ചെറുപ്പത്തിലെ ഒരു അനുഭവവുമായി അത്രമേൽ ചേര്‍ന്ന് നിൽക്കുന്നുണ്ട് ഗന്ധവാഹിനിയെന്ന പേരും ആ കഥയും.

പയ്യന്നൂരില്‍ ലൈബ്രേറിയനായി പ്രവര്‍ത്തിക്കുന്ന കാലത്താണ് സരിത അക്ഷരങ്ങളെയും എഴുത്തുകാരെയും അടുത്തറിയുന്നത്. ആഴമേറിയ വായനയില്ലെങ്കിലും പുസ്തകങ്ങളോടുള്ള സഹവാസം സരിതയുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി.  താൻ ലൈബ്രേറിയനായിരുന്ന വായനശാലയിൽ തന്റെ പുസ്തകങ്ങളും ഇനി വായിക്കാമെന്ന യാഥാര്‍ഥ്യത്തെ അവിശ്വസനീയതയോടെയാണ് സരിത കാണുന്നത്. ഒരു വലിയ ആഗ്രഹം കൂടി എഴുത്തുകാരിയുടെ മനസിലുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ജു വാര്യര്‍ക്ക് തന്റെ പുസ്തകത്തിന്റെ ഒരു പ്രതി സമ്മാനിക്കണം.

നേരത്തെയുണ്ടായിരുന്ന ജോലി നഷ്ടമായതോടെ പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ സരിത. ഷാര്‍ജയിൽ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ താമസം. നവംബര്‍ പത്തിന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് സരിതയുടെ കഥാസമാഹാരത്തിന്റെ പ്രകാശനം. കൈരളി ബുക്സാണ് പ്രസാധകര്‍. ഈ പുസ്തകം സരിതയ്ക്ക് ഒരു വലിയ പ്രതീക്ഷയാണ്. സങ്കടങ്ങൾക്കപ്പുറം സന്തോഷം പകരുന്ന കഥകളുടെയും കവിതകളുടെയും കോലം സ്വപ്നം കാണാനുള്ള പ്രതീക്ഷ.
 

Follow Us:
Download App:
  • android
  • ios