റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ഇന്ത്യാക്കാരി അടക്കം 26 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാൻ അനുകൂല ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അസീർ പ്രവിശ്യയിൽപ്പെട്ട അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായത്.

പരിക്കേറ്റവരിൽ മൂന്നു സ്ത്രീകളും രണ്ടു സ്വദേശി കുട്ടികളും ഉൾപ്പെടും. പരിക്കേറ്റ ഇന്ത്യക്കാരിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിസാര പരിക്കേറ്റ പതിനെട്ടോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ എട്ടുപേരെ പിന്നീട് ആശുപത്രിയിൽ നിന്നും വിട്ടയച്ചു.

ആക്രമണം ഉണ്ടായ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാൻ അനുകൂല ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. അസീർ പ്രവിശ്യയിൽപ്പെട്ട ഖമീസ് മുഷൈത്തിൽ തിങ്കളാഴ്ച ഡ്രോൺ ആക്രമണം നടത്താനുള്ള ഹൂതികളുടെ ശ്രമം പരാജയപ്പെടുത്തിയതായി സഖ്യസേന വ്യക്താവ് കേണൽ തുർക്കി അൽ മാലികി നേരത്തെ അറിയിയിച്ചിരുന്നു. ലക്ഷ്യ സ്ഥാനത്തു എത്തുന്നതിനുമുമ്പ് സൗദി സൈന്യം ഡ്രോൺ ആക്രമണം തകർക്കുകയായിരുന്നു.