റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 22,600 കോടി റിയാലിന്റെ (6030 കോടി ഡോളര്‍) ഉത്തേജക പദ്ധതികളാണ് സൗദി പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്ത ഉല്‍പ്പാദനത്തിന്റെ 8.6 ശതമാനമാണിത്. സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2.64 ട്രില്യണ്‍ റിയാല്‍(70,400 കോടി ഡോളര്‍)ആണ്.

മൂന്നു മാസത്തേക്കുള്ള ലെവി ഇളവ് അടക്കമുള്ള പദ്ധതികള്‍ക്ക് സൗദി ധനമന്ത്രാലയം 7000 കോടി റിയാലിന്റെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി 5000 കോടി റിയാലിന്റെ ഉത്തേജക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വേതനത്തിന്റെ 60 ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിക്ക് 900 കോടി റിയാല്‍ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയ  വകയില്‍ സ്വകാര്യ  മേഖലയ്ക്കുള്ള കുടിശ്ശിക വിതരണം വേഗത്തിലാക്കുന്നതിനും മറ്റ് ചില ഇളവുകള്‍ക്കുമായി 5000 കോടി റിയാലിന്റെ പാക്കേജും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 

ആരോഗ്യ മേഖലയ്ക്ക് 4700 കോടി റിയാല്‍ അധികമായി അനുവദിച്ചു. വാണിജ്യ, വ്യവസായ മേഖലാ ഉപയോക്താക്കള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ വൈദ്യുതി ബില്ലുകളില്‍ 30 ശതമാനം ഇളവ് ചെയ്ത് കൊടുക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച മിനിമം വേതന വിതരണ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കൂടി കണക്കിലെടുത്താല്‍ സൗദി  പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന തുക ഇനിയും ഉയരുമെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആനുപാതികമായി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഉത്തേജക പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.