Asianet News MalayalamAsianet News Malayalam

നിയന്ത്രണങ്ങളില്‍ വിപുലമായ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി; രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും

കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ സ്വകാര്യ കാറുകളില്‍ നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും യാത്ര ചെയ്യാം. മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളും മാളുകളും തുറക്കാം.

saudi announced relaxation in covid restrictions
Author
Riyadh Saudi Arabia, First Published May 26, 2020, 10:17 AM IST

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ ഇളവുകള്‍. രണ്ട് ഘട്ടങ്ങളിലായാണ് ഇളവുകള്‍ അനുവദിക്കുക.

മെയ് 28 മുതല്‍ 30 വരെ മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ യാത്ര അനുവദിക്കും. കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ സ്വകാര്യ കാറുകളില്‍ നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും യാത്ര ചെയ്യാം. മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളും മാളുകളും തുറക്കാം. ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ ശാലകള്‍ എന്നിവ തുറക്കില്ല. 

മെയ് 31 മുതലാണ് രണ്ടാം ഘട്ട ഇളവുകള്‍ ആരംഭിക്കുന്നത്. മെയ് 31 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് എട്ട് വരെ യാത്ര അനുവദിക്കും. ജോലിസ്ഥലത്ത് എത്തുന്നതിനുള്ള വിലക്ക് നീക്കും. കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍, സ്വാകര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലിക്ക് എത്താന്‍ അനുമതിയുണ്ട്. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. 

വ്യോമയാന അതോറിറ്റിയും ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശിക്കുന്ന കര്‍ശന നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും. റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണ, പാനീയ വിതരണം അനുവദിക്കും. 50ലേറെ പേര്‍ പങ്കെടുക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലുള്ള വിലക്ക് തുടരും. 

മെയ് 31 മുതല്‍ ജൂണ്‍ 20 വരെ പള്ളികളില്‍ ജുമുഅ, ജമാഅത്തുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കും. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ജുമുഅ, ജമാഅത്തുകള്‍ക്ക് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മക്കയില്‍ ഒരിടത്തും ജുമുഅ, ജമാഅത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. 

Follow Us:
Download App:
  • android
  • ios