മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. നാല് ദിവസത്തെ അവധിയാണ് സൗദിയില്‍ പ്രഖ്യാപിച്ചത്. 

റിയാദ്: സൗദി അറേബ്യയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. നാല് ദിവസമാണ് സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി ലഭിക്കുക.

അറഫ ദിനമായ ജൂൺ 5 മുതലാണ് അവധി ആരംഭിക്കുന്നത്. ജൂൺ എട്ട് ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. അവധിക്ക് ശേഷമുള്ള ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 9ന് ആരംഭിക്കും. അതേസമയം യുഎഇയില്‍ പൊതുമേഖലയ്ക്ക് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് അധികൃതരാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.

മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6-നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സം​ഗമം ജൂൺ 5-ന് നടക്കും. അതേസമയം, കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുൽഹിജ്ജ 1മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം