റിയാദ്: സൗദി അറേബ്യയിൽ പുതുതായി 154 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1453 ആയി ഉയർന്നു. തിങ്കളാഴ്ച 49 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 115 ആയി. 22 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരിൽ  ഭൂരിഭാഗവും നല്ല ആരോഗ്യവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

തിങ്കളാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വരെ എട്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചതിൽ കൂടുതൽ കേസും മക്കയിൽ നിന്നാണ്. 40 പേരിലാണ് പുതുതായി ഇവിടെ രോഗം കണ്ടെത്തിയത്. ദമ്മാമിൽ 34ഉം റിയാദിലും മദീനയിലും 22 വീതവും ജിദ്ദയിൽ ഒമ്പതും ഹുഫൂഫിൽ ആറും അൽഖോബാറിൽ ആറും ഖത്വീഫിൽ അഞ്ചും താഇഫിൽ രണ്ടും തബൂക്ക്, ബുറൈദ, യാംബു, അൽറസ്, ഖമീസ് മുശൈത്ത്, ദഹ്റാൻ, സാംത, ദവാദ്മി എന്നിവിടങ്ങളിൽ ഓരോ കേസും വീതമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.