സൗദി അറേബ്യയിൽ വെള്ളിയാഴ്‍ച 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തരായി. ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു.

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 45 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 60 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾ മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,461 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,49,148 ആയി. ഇതിൽ 5,37,160 പേരും ഇതിനോടകം സുഖം പ്രാപിച്ചു. ആകെ 8,810 പേർക്കാണ് കൊവിഡ് കാരണം സൗദി അറബ്യയിൽ ജീവന്‍ നഷ്‍ടമായത്. കൊവിഡ് ബാധിതരിൽ 53 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 46,624,368 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,376,257 എണ്ണം ആദ്യ ഡോസ് ആണ്. 21,944,548 എണ്ണം സെക്കൻഡ് ഡോസും. 1,709,037 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 303,563 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 13, റിയാദ് - 10, ത്വാഇഫ് - 3, മദീന - 2, മക്ക - 2, ഹുഫൂഫ് - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.