റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ. ശനിയാഴ്ച 643 പേർക്ക് മാത്രമാണ് രോഗം പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,25,050 ആയി. 903 പേർ പുതുതായി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 301,836 ആയി ഉയർന്നു. 

രാജ്യത്തെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4240 ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,974 ആയി കുറഞ്ഞു. ഇവരിൽ 1343 പേരുടെ നില ഗുരുതരമാണ്. റിയാദ് 1, ജിദ്ദ 3, മക്ക 6, ഹാഇൽ 2, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 1, തബൂക്ക് 1, ജീസാൻ 3, ബെയ്ഷ് 1, സബ്യ 1, അൽറസ് 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. 

ശനിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 69. ജിദ്ദ 65, ഹുഫൂഫ് 51, ദമ്മാം 45, മദീന 35, റിയാദ് 35, ഖത്വീഫ് 26, മുബറസ് 23, യാംബു 21, ജീസാൻ 18, ഹാഇൽ 17 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,178 കൊവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,686,255 ആയി.