റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു. ഇന്ന് മാത്രം 1132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്​. ആകെ രോഗബാധിതരുടെ എണ്ണം 8274 ആയി.  ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 92 ആയി. ജിസാനിൽ 34 വയസുള്ള സ്വദേശി യുവാവും മക്കയിൽ മൂന്നും ജിദ്ദയിൽ ഒന്നും ഉൾപ്പെടെ നാല്​ വിദേശികളുമാണ് ഇന്ന് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട 1132 പേരില്‍ 201 പേർ സാമൂഹ്യ സമ്പർക്കംവഴി രോഗം ബാധിച്ചവരാണ്. ആരോഗ്യപ്രവർത്തകർ നടത്തിയ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയവരാണ് 740 പേർ. മക്കയിൽ മാത്രം ഇന്ന് രോഗം സ്ഥിരീകരിച്ചത് 315 പേർക്കാണ്.   ജിദ്ദയിൽ  236 പേർക്കും റിയാദിൽ 225 പേർക്കും മദീനയിൽ 186 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.  ഇതുവരെ രോഗമുക്തി നേടിയത് 1329 പേരാണ്. ബാക്കി 6,853 പേർ ചികിത്സയിൽ കഴിയുകയാണ്​. അതിൽ 78 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.