റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ശനിയാഴ്ച അഞ്ചുപേർ മരിച്ചു. പുതുതായി 382 പേരിൽ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52 ആയി. ജിദ്ദയിൽ മൂന്നും മക്കയിലും മദീനയിലും ഓരോന്നും വീതവുമാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.  

രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 4,033 ആയി ഉയർന്നെന്നും ഇതിൽ 67 പേർ  ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 35  പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 720 ആയി. 

പുതിയ രോഗികളിൽ 131 പേർ മക്കയിലാണ്. തുടർച്ചയായി മക്കയിലാണ് ഏറ്റവും കൂടുതൽ  പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. മദീനയിൽ 95, റിയാദിൽ 76, ജിദ്ദയിൽ 50, ദമ്മാമിൽ 15, യാംബുവിൽ അഞ്ച്, സബ്ത് അൽഅലയ, ഹുഫൂഫ് എന്നിവിടങ്ങളിൽ മൂന്ന്  വീതം, അൽഖോബാർ, ത്വാഇഫ്, മൈസാൻ, അൽഷംലി എന്നിവിടങ്ങളിൽ ഓരോന്നും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.