റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച നാലുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 83 ആയി. പുതിയതായി 518 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 6380 ആയി. മക്കയിലും മദീനയിലും ജിദ്ദയിലും തന്നെയാണ് തുടർച്ചയായി മരണ നിരക്ക് ഉയരുന്നത്. 

പുതിയതായി മരിച്ച നാലുപേരും വിദേശികളാണ്. മക്കയിൽ രണ്ടുപേരും മദീനയിലും ജിദ്ദയിലും ഓരോരുത്തരുമാണ് മരിച്ചത്. മരിച്ച നാലുപേരും സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നവരാണെന്നും 35നും 89നും ഇടയിൽ പ്രായമുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ മക്കയിൽ ആകെ മരണ സംഖ്യ 24 ഉം മദീനയിൽ 32ഉം ജിദ്ദയിൽ 13ഉം ആയി ഉയർന്നു. റിയാദിൽ നാലും ഹുഫൂഫിൽ മൂന്നും ഖത്വീഫ്, ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഓരോന്നുമാണ് നേരത്തെ രജിസ്റ്റർ ചെയ്ത മരണങ്ങൾ. രോഗബാധിതരിൽ 5307 പേർ ചികിത്സയിൽ തുടരുന്നു. 62 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി 59 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരുടെ എണ്ണം 990 ആയി.