റിയാദ്: സൗദിയിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. വാക്‌സിൻ ലഭിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാകും സൗദിയെന്നും വിദേശികളടക്കം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഫൈസര്‍ ബയോഎന്‍ടെക് കൊവിഡ് വാക്സിന്‍ സൗദിയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ആരോഗ്യ വകുപ്പ് നൽകിയത്. മരുന്ന് ഇറക്കുമതിക്ക് ശേഷമേ എന്നുമുതല്‍ പ്രതിരോധ കുത്തിവെയ തുടങ്ങാനാവുമെന്ന കാര്യം തീരുമാനിക്കൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വിദേശികളും സ്വദേശികളുമടക്കം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽആലി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ വാക്‌സിൻ വിതരണത്തിൽ കുട്ടികളെ ഉൾപ്പെടുത്തില്ല. പതിനാറു വയസിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുകയെന്നും മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനത്തോടെ വാക്സിന്‍ നല്‍കുത്തുടങ്ങുമെന്നാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാര്‍ ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കിയത്.