റിയാദ്: കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ, മൂന്ന് മാസത്തേക്ക് ലെവി ഒഴിവാക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികളുമായി സൗദി ഭരണകൂടം. ഇന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമയുടെ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് മൂന്ന് മാസത്തേക്ക് ലെവി ഇല്ലാതെ പുതുക്കാനുള്ള അവസരം ലഭിക്കുന്നത്. ധനകാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ജദ്ആനാണ് ഇതടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്.

പ്രതിസന്ധികള്‍ക്കിടയിലും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് സൗദി ധനമന്ത്രി ഇന്ന് നടത്തിയത്. ജൂണ്‍ 30 വരെയുള്ള കാലയളവിനിടയ്ക്ക് സൗദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമയ്ക്ക് തിരികെ നല്‍കുകയോ അല്ലെങ്കില്‍ സ്റ്റാമ്പ് ചെയ്യാന്‍ മൂന്ന് മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും. നാട്ടില്‍ പോകാന്‍ കഴിയാത്തവരുടെ റീഎന്‍ട്രി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ തൊഴിലുടമയ്ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ദ്ധിത നികുതി എന്നിവ അടയ്ക്കാനും മൂന്ന് മാസത്തെ സമയം നല്‍കും. ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടയ്ക്കാനും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മൂന്ന് മാസത്തെ സമയം ലഭിക്കും.

120 ബില്യന്‍ റിയാലിന്റെ സഹായ പദ്ധതികളാണ് സൗദിയിൽ പ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.  ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കായി ഇതില്‍ 70 ബില്യന്‍ റിയാലിന്റെ പാക്കേജും ഉള്‍പ്പെടുന്നു. വായ്പ അനുവദിക്കുന്നതിനും അതുമായി  ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കും രൂപം നല്‍കി.