വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരായ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. അസീർ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

റിയാദ്: വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. അസീർ പ്രവിശ്യയിൽ വെച്ചാണ് ചൊവ്വാഴ്ച ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ട അലം അസ്ഫഹാനി ഹഖൂസ് നഖൂസ, കിബ്രം കൽഫ അർഖാവി ലമ, ലഖ്സ ഹെയ്ലു ഖബർ മറിയം ദസ്ത, മിലസ് ഖബർ മദീൻ ഖബറു വാലു, കിബ്രം തസ്ഫായ് ഖദീ മിലസ് എന്നീ എത്യോപ്യൻ സ്വദേശികളാണ് സുരക്ഷാ വിഭാഗത്തിെൻറ പിടിയിലായിരുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇവർ കുറ്റം ചെയ്തതായി തെളിയുകയായിരുന്നു. തുടർന്ന് കേസ് പരിഗണിച്ച പ്രത്യേക കോടതി, കുറ്റങ്ങൾ പൂർണമായി ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ പ്രതികൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള രാജകൽപ്പന പുറപ്പെടുവിച്ചത്.

രാജ്യത്തെ പൗരന്മാരുടെയും വിദേശി താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് എന്ന വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവഹാനിക്കും യുവാക്കളുടെയും സമൂഹത്തിെൻറയും നാശത്തിനും കാരണമാകുന്ന മയക്കുമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കും നിയമപ്രകാരമുള്ള ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കും. ഇത്തരം രാജ്യദ്രോഹ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.