രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സൗദി നേരിടുന്നതെന്ന് ധനകാര്യമന്ത്രി. 

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സൗദി അറേബ്യ കടന്നു പോകുന്നതെന്ന് സൗദി ധന, സാമ്പത്തിക കാര്യമന്ത്രി അല്‍ജദ്ആന്‍. കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് സൗദി അറേബ്യയ്‌ക്കോ മറ്റ് ലോക രാജ്യങ്ങള്‍ക്കോ എത്താന്‍ ഇനി വര്‍ഷങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മന്ത്രി അല്‍ അറബിയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. എണ്ണ, എണ്ണ ഇതര വരുമാനം പകുതിയിലേറെ കുറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി വന്‍ തുക സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. വരുമാനത്തിന്റെ നല്ലൊരു ശതമാനവും നിലച്ചു. സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതുള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ബജറ്റില്‍ പ്രഖ്യാപിച്ച അത്യാവശ്യമല്ലാത്ത പദ്ധതികള്‍ നിര്‍ത്തിവെക്കും. ചെലവുകള്‍ വെട്ടിച്ചുരുക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രയാസമാകാത്ത രീതിയില്‍ സാമ്പത്തിക ഉത്തേജനത്തിന് ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്വകാര്യമേഖലയും സൗദി പൗരന്മാരും ഒരുമിച്ച് നില്‍ക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു