'എബോള', 'ഹാന്‍റ' വൈറസ് ഭീഷണികളെ നേരിടാൻ രാജ്യം സജ്ജമെന്ന് സൗദി അറേബ്യ. കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ പടരുന്ന എബോള, ഹാൻറ വൈറസുകളെ പ്രതിരോധിക്കാൻ സൗദി അറേബ്യ പൂർണ്ണ സജ്ജമാണെന്ന് പൊതുജനാരോഗ്യ അതോറിറ്റിയായ 'വിഖായ' അറിയിച്ചു.
റിയാദ്: കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസിനെയും, ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹാൻറ വൈറസിനെയും പ്രതിരോധിക്കാൻ സൗദി അറേബ്യ പൂർണ്ണ സജ്ജമാണെന്ന് പൊതുജനാരോഗ്യ അതോറിറ്റിയായ 'വിഖായ' അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിഖായ ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികളുടെയും വിദേശികളുടെയും വിശുദ്ധ നഗരങ്ങളിലെത്തുന്ന തീർത്ഥാടകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ പകർച്ചവ്യാധി പ്രതിരോധ-നിരീക്ഷണ സംവിധാനങ്ങൾ സദാ സജ്ജമാണ്.

എബോള വ്യാപനവുമായി ബന്ധപ്പെട്ട് 2019 ജൂലൈ മുതൽ രാജ്യം കർശന മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. മുൻപ് വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കൃത്യമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഈ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. നിലവിൽ രോഗബാധിത പ്രദേശങ്ങളുടെ അയൽരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി പരിശോധനകളും പ്രതിരോധ നടപടികളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ വ്യോമ, നാവിക, കര അതിർത്തികളിലും ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കുകയും പ്രത്യേക റെസ്പോൺസ് ടീമുകളെ വിന്യസിക്കുകയും ചെയ്തു. രോഗബാധിത രാജ്യങ്ങളുടെ അയൽരാജ്യങ്ങളിൽ നിന്നും ഹജ്ജിനായി എത്തുന്ന തീർത്ഥാടകരുടെ താമസസ്ഥലങ്ങളിൽ ദിവസേനയുള്ള പകർച്ചവ്യാധി നിരീക്ഷണവും അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തിലുള്ള 'ഹാൻറ' വൈറസ് സൗദി അറേബ്യക്കോ ഹജ്ജ് സീസണോ ഭീഷണിയുയർത്തുന്നില്ലെങ്കിലും നിരീക്ഷണ സംവിധാനങ്ങൾ ശക്തമായി തുടരുകയാണ്. നിലവിൽ സൗദിയിൽ എബോളയോ ഹാൻറ വൈറസോ ബാധിച്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീർത്ഥാടകരുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിഖായ അറിയിച്ചു.


