റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് തിങ്കളാഴ്ച പുലർച്ചെ നീക്കിയെങ്കിലും ഇന്ത്യയടക്കം 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനിൽക്കും. സൗദിയിൽ നിന്ന് സ്വദേശികൾക്കാണ് യാത്ര നിരോധനം. ഇന്ത്യയെ കൂടാതെ ലിബിയ, സിറിയ, ലെബനൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളാണ് നിരോധന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

 ഈ രാജ്യങ്ങളിൽ മഹാമാരി ഇതുവരെ നിയന്ത്രണവിധേയമാകാത്തതും ചിലയിടങ്ങളിൽ വൈറസിന്റെ ജനിതക വകഭേദം തെളിയുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിലേക്ക് പോകേണ്ടവർ യാത്രയ്ക്ക് മുൻ‌കൂർ അനുമതി തേടണമെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. അസ്ഥിരത നിലനിൽക്കുന്നതോ വൈറസ് പടരുന്നതിന് സാക്ഷ്യം വഹിക്കുന്നതോ ആയ പ്രദേശങ്ങളിൽ നിന്ന് ജാഗ്രത പാലിക്കാനും എല്ലാ മുൻകരുതൽ നടപടികളും പിന്തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടു.