റിയാദ്: വിദേശ തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം പരിശോധിക്കാന്‍ സൗദി അറേബ്യ പരീക്ഷ ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് നിലവിലുള്ളവരും പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവരുമായ മുഴുവന്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധമാക്കുന്ന പരീക്ഷ ഡിസംബര്‍ മുതല്‍ നടപ്പാകും. ഇന്ത്യന്‍ തൊഴിലാളികളെയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുക. രാജ്യത്ത് എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള സമൂഹം എന്ന നിലയിലാണിത്. ഈ പരീക്ഷ പാസാകാതെ ഇനി സൗദി അറേബ്യയില്‍ ജോലി ചെയ്യാനാവില്ല. 

വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ (സ്കില്‍ഡ് ലേബര്‍) മാത്രം മതിയെന്ന പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഈ നിബന്ധന ഏര്‍പ്പെടുത്തുന്നത്. 'ലേബര്‍' (ആമിര്‍) എന്ന തസ്തിക ഇല്ലാതാക്കുന്നതിന്റെ തുടക്കമാണിത്. പകരം ഏതെങ്കിലും വിദഗ്ധ/സാങ്കേതിക ജോലിയുടെ പേരും കൂടി ചേര്‍ത്തുള്ള ലേബര്‍ വിസകളും ടെക്നീഷ്യന്‍ വിസകളും മാത്രമേ മന്ത്രാലയം പുതുതായി അനുവദിക്കൂ. വെറും 'ലേബര്‍' വിസകളില്‍ നില്‍ക്കുന്നവര്‍ ഏതെങ്കിലും വിദഗ്ധ തൊഴിലിലേക്ക് വിസയുടെ പ്രഫഷന്‍ മാറ്റേണ്ടിവരും. അല്ലെങ്കില്‍ നിലനില്‍പുണ്ടാവില്ല. 

ലേബര്‍ എന്ന വിസയില്‍ വന്ന് ഏത് ജോലിയും ചെയ്യാനാകുമായിരുന്ന നിലവിലെ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്. തൊഴില്‍ നൈപുണ്യ പരീക്ഷ ആദ്യം പ്ലംബിങ്, ഇലക്ട്രിക് തസ്തികകളിലാണ്. ഡിസംബറില്‍ ഈ പരീക്ഷ നടക്കും. ഈ മേഖലയില്‍ രണ്ട് ലക്ഷം വിദേശജോലിക്കാരുണ്ടെന്നാണ് കണക്ക്. വരുന്ന ഏപ്രിലില്‍ റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിങ്, ഓട്ടാ ഇലക്ട്രിക്കല്‍ വര്‍ക്ക്, മെക്കാനിക്ക് എന്നീ ജോലികള്‍ക്കുള്ള പരീക്ഷകളും നടക്കും. ജൂലൈയില്‍ കാര്‍പെന്ററി. വെല്‍ഡര്‍, ആഭരണ നിര്‍മാണം എന്നീ തസ്തികകളിലും ഒക്ടോബറില്‍ പെയിന്റിങ്, തേപ്പ്, ടൈല്‍സ് വര്‍ക്കുകളിലും 2021 ജനുവരിയില്‍ നിര്‍മാണ ജോലി, ഇരുമ്പ് പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍, മറ്റ് സാങ്കേതിക ജോലികള്‍ എന്നിവയ്ക്കും പരീക്ഷ നിര്‍ബന്ധമാകും. 

പരീക്ഷ പാസാകുന്നവര്‍ക്ക് അഞ്ചുവര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് അഞ്ചുവര്‍ഷം വരെ ജോലിയില്‍ തുടരാം. അതുകഴിഞ്ഞാല്‍ പുതുക്കണം. രാജ്യത്ത് ജോലിയില്‍ തുടരുന്നതിനും പ്രഫഷന്‍ മാറ്റത്തിനും ഇഖാമ പുതുക്കുന്നതിനും പുതിയ വിസയില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനുമെല്ലാം തൊഴില്‍ നൈപുണ്യ പരീക്ഷയിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും. ഇന്ത്യാക്കാരുടെ ആദ്യ ഘട്ടം കഴിഞ്ഞാല്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീക്രമത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കും. രാജ്യത്തെ മൊത്തം വിദേശികളില്‍ 95 ശതമാനവും ഇന്ത്യ ഉള്‍പ്പെടെ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.