ദില്ലി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ തങ്ങുന്ന സൗദി പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ദില്ലിയിലെ സൗദി അറേബ്യന്‍ എംബസി പുറത്തിറക്കിയ മുന്നറിയിപ്പ് നിര്‍ദേശത്തില്‍ പറയുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ ആ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദേശം. നേരത്തെ അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളുടെ തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.