Asianet News MalayalamAsianet News Malayalam

Saudi Entry Rules : സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കി സൗദി അറേബ്യ

Saudi Arabia issues new COVID PCR test exemptions on entry
Author
Riyadh Saudi Arabia, First Published Dec 17, 2021, 12:24 PM IST

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) വരുമ്പോൾ കൊവിഡ് പി.സി.ആർ പരിശോധന (Covid PCR test) നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവരെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ (Saudi Ministry of Interior) അറിയിച്ചു. സ്വദേശി സ്‍ത്രീയെ വിവാഹം ചെയ്‍തിട്ടുള്ള വിദേശി,  സ്വദേശി പുരുഷന്റെ വിദേശിയായ ഭാര്യ, അവരുടെ കുട്ടികൾ, മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരെയാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയത്. 

രാജ്യത്തെ കൊവിഡ് സംഭവവികാസങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആഗോളതലത്തിലെ കൊവിഡ് സാഹചര്യമനുസരിച്ച് എല്ലാ നടപടികളും ആരോഗ്യ വകുപ്പിന്റെ തുടർച്ചയായ വിലയിരുത്തലിന് വിധേയമാണെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

അതേസമയം സൗദി അറേബ്യയിൽ  ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ അഞ്ചര ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം 85 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കേസുകളുടെ എണ്ണം 550,542 ആയി. ആകെ രോഗമുക്തി കേസുകൾ 539,793ഉം ആകെ മരണസംഖ്യ 8,858ഉം ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,891 പേരിൽ 30 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്താകെ ഇതുവരെ 48,256,920 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,836,617 എണ്ണം ആദ്യ ഡോസ് ആണ്. 22,879,086 എണ്ണം സെക്കൻഡ് ഡോസും. 1,728,254 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 541,217 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. 

Follow Us:
Download App:
  • android
  • ios