ദമ്മാം: സൗദി അറേബ്യയിൽ സ്‌പോൺസർഷിപ്പ് സമ്പ്രദായം റദ്ദാക്കുമെന്ന് റിപ്പോർട്ട്. വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴിൽ കരാർബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി മാനവവിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയം അടുത്താഴ്ച പ്രഖ്യാപിക്കും.

സൗദിയിൽ സ്‌പോൺസർഷിപ്പ് സമ്പ്രദായം റദ്ദാക്കാൻ മാനവവിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയം ഉടൻ  നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴിൽ കരാർബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു അടുത്താഴ്ച മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം നടത്തുന്ന  പദ്ധതി പ്രഖ്യാപനത്തിൽ  ഇതും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

ഏഴു ദശകത്തോളമായി നിലനിൽക്കുന്ന സ്‌പോൺസർഷിപ്പ് സമ്പ്രദായം എടുത്തുകളയുന്നതോടെ സൗദിയിൽ ജോലിചെയ്യുന്ന ഒരുകോടിയോളം വിദേശികൾക്കിതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം ആദ്യ പകുതിയോടെ ഇത് നടപ്പിലാക്കി തുടങ്ങുമെന്നാണ് പ്രമുഖ പ്രാദേശിക ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തത്. 

വിദേശ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് സ്‌പോൺസർഷിപ്പ് സമ്പ്രദായവും നിർത്തലാക്കാനുള്ള നീക്കം. പദ്ധതി പ്രാബല്യത്തിലായാൽ വിദേശികളുടെ ഫൈനൽ എക്സിറ്റ്, റീ- എൻട്രി വിസ നടപടികൾ എളുപ്പമാകും. 

തൊഴിൽ ലഭിക്കുന്നതിനും സ്‌പോൺസറുടെ അനുമതിയില്ലാതെ സൗദിക്ക് പുറത്തേക്കു യാത്ര ചെയ്യുന്നതിനും സാധിക്കും. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള പദ്ധതികളും നടപ്പിലാക്കാൻ മന്ത്രാലയത്തിന് നീക്കമുണ്ട്. തൊഴിൽ വിപണി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനം അടുത്താഴ്ച മന്ത്രാലയം നടത്തുമെന്നാണ് റിപ്പോർട്ട്.