വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഗള്‍ഫിലെ വലിയ രാഷ്ട്രങ്ങളിലൊന്നാണ് സൗദി. അതുകൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികൾ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
റിയാദ്: കൊറോണ വൈറസിനെ നേരിടാൻ കൂടുതൽ കടുത്ത നടപടികൾക്കൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ രൂപപ്പെടുത്തി. ഖത്തറില്‍ കൂടി ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെ അയല്‍രാജ്യങ്ങളിലെല്ലാം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ സൗദി അറേബ്യ പ്രതിരോധത്തിന് കൂടുതൽ ശക്തമായ നടപടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നത്. കൊറോണ ബാധിക്കാത്ത ഏക ഗൾഫ് രാജ്യമാണിപ്പോള്‍ സൗദി അറേബ്യ.
വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഗള്‍ഫിലെ വലിയ രാഷ്ട്രങ്ങളിലൊന്നാണ് സൗദി. അതുകൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികൾ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരുംദിനങ്ങളില്‍ സാഹചര്യമനുസരിച്ച് ഇവ പ്രാബല്യത്തില്‍ വരും. ആരോഗ്യമന്ത്രാലയം ഒരോ ദിനവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ആലോചിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. കൊറോണ പ്രതിരോധത്തിനായുള്ള പ്രത്യേക സമിതിയുടെ എട്ടാമത്തെ യോഗമാണ് നടന്നത്.
ആദ്യ യോഗം ഫെബ്രുവരി തുടക്കത്തിലായിരുന്നു. സിവിൽ ഡിഫൻസ്, ഊർജം, ആഭ്യന്തരം, നാഷനൽ ഗാർഡ്, വിദേശകാര്യം, ആരോഗ്യം, ധനകാര്യം, മാധ്യമം, വാണിജ്യം, നിക്ഷേപം, ഹജ്ജ് ഉംറ, വിദ്യാഭ്യാസം, സിവിൽ ഏവിയേഷൻ അതോറിറ്റി, റെഡ്ക്രസൻറ്, ഫുഡ് ആൻഡ് ഡ്രഗ്സ്, കസ്റ്റംസ്, ടൂറിസം, നാഷനൽ പ്രിവൻസ് ആൻ-ഡ് കൺട്രോൾ സെൻറർ തുടങ്ങിയ മന്ത്രാലയങ്ങളും വകുപ്പുകളും സമിതിയിൽ അംഗമാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും രോഗപകർച്ച തടയുന്നതിനായി വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പാക്കിയ പ്രതിരോധ മാർഗങ്ങളും യോഗത്തിൽ വിലയിരുത്തി. രാജ്യത്ത് ഇതുവരെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യോഗം വ്യക്തമാക്കി. കൊറോണ വൈറസ് സംബന്ധമായ അന്വേഷണങ്ങൾക്ക് ഹെൽത്ത് സെന്ററിന്റെ 937 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
