റിയാദ്: സൗദി അറേബ്യയിൽ കൊവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ഇന്ന് മുതൽ ഇളവ്. പൂർണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഒഴികെ രാജ്യത്തിൻറെ എല്ലാഭാഗങ്ങളിലും ഇളവ് അനുവദിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്പ്രകാരമാണ് ഇന്ന് മുതൽ മെയ് 13 വരെ കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചത്.

രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്. മക്കയിലും കൊവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും അടച്ച സ്ഥലങ്ങളിലും മാത്രമാണിനി 24 മണിക്കൂർ കർഫ്യൂ. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെല്ലാം കർഫ്യൂ ഇളവ് ബാധകമാണ്.

ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, നിർമ്മാണ വ്യവസായ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഈ സമയം തുറന്നു പ്രവർത്തിക്കാം. എന്നാലീ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 29 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുക. ഈ സ്ഥാപനങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷണം നടത്തും.

നിയമം ലംഘിച്ചാൽ സ്ഥാപനം അടച്ചുപൂട്ടും. അതേസമയം ബാർബർ ഷോപ്പുകൾ, ബ്യുട്ടി പാർലറുകൾ, സ്പോർട്സ് ക്ലബുകൾ, കോഫി ഷോപ്പുകൾ, വിനോദ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ തുറക്കാൻ അനുവാദമില്ല. എന്നാൽ റെസ്റ്റോറന്റുകളിൽനിന്നു ഭക്ഷണങ്ങൾ പാർസലായി നൽകുന്നതിന് അനുമതിയുണ്ട്.

അഞ്ചു പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വിവാഹം, ശവസംസ്‌കാരം തുടങ്ങിയ എല്ലാ ചടങ്ങുകൾക്കുമുള്ള നിരോധനം തുടരും. അതേസമയം കർഫ്യൂ ഇളവ് പ്രയോജനപ്പെടുത്തി പുറത്തിറങ്ങുന്നവർ മന്ത്രാലയങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.