റിയാദ്: സൗദിയിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സിവിൽ ഡിഫൻസ് വ്യക്തമാക്കി. രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന, തബൂക്ക്, അൽ ജൗഫ്, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചില സ്ഥലങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടും. ആലിപ്പഴവർഷത്തോടെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും ചില സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

തീര പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാകും. ശക്തമായ മഴ സാധ്യത കണക്കിലെടുത്തു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.