‘തവക്കൽനാ’ ആപ്പ് ഉപയോഗിച്ച് ബാർകോഡ് സ്‍കാന്‍ ചെയ്ത ശേഷമേ ഇനി സൗദി അറേബ്യയിൽ വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാനാവൂ.
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia)വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബാർകോഡ് സ്‍കാനിങ് (Barcode scanning) നിർബന്ധമാക്കുന്നു. ഷോപ്പിങ്ങിന് എത്തുന്നവർ തങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘തവക്കൽനാ’ ആപ്പ് (Tawakkalna application) ഉപയോഗിച്ച് ഈ കോഡ് സ്‍കാൻ ചെയ്‍തു വേണം അകത്ത് പ്രവേശിക്കാൻ. വാണിജ്യ കേന്ദ്രങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വാക്സിൻ അവസ്ഥ പരിശോധിക്കാൻ തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ബാർകോഡ് സ്കാൻ ചെയ്യണം.
പുതിയ സംവിധാനത്തിനായി വാണിജ്യ സ്ഥാപനങ്ങൾ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പെർമിറ്റ് കോഡ് സ്ഥാപിക്കണം. ഷോപ്പിങ്ങിനെത്തുന്നവർ മാളുകളിലേക്ക് പ്രവേശിക്കും മുമ്പ് ബാർകോഡ് സ്‍കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാരെയും നിയമിക്കണം. ഭക്ഷ്യവിൽപ്പന കടകൾ, ലോൻഡ്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ എന്നിവക്ക് ഈ നിയമം ബാധകമല്ല. ഈ സ്ഥാപനങ്ങളിൽ വരുന്നവർ അകത്ത് പ്രവേശിക്കാൻ തവക്കൽന ആപ്പിലെ ആരോഗ്യസ്ഥിതി കാണിക്കണം.
