റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള ഫീല്‍ഡ് ടെസ്റ്റ് നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കി. ലേബര്‍ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന തൊഴിലാളികളെ കണ്ടെത്തി പരിശോധിക്കാന്‍ തൊഴിലുടമകളുടെ സഹായം തേടിയിരിക്കുകയാണ് സൗദി സാമൂഹിക വികസന മന്ത്രാലയം.

ഓരോ തൊഴിലുടമയും തങ്ങള്‍ക്ക് കീഴിലുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നാണ് മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്. പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ഈജാര്‍ പോര്‍ട്ടല്‍ വഴി തൊഴിലാളികളുടെ താമസ സ്ഥലത്തിന്റെ വിവരങ്ങളും ലൊക്കേഷന്‍ അടക്കമുള്ള വിശദാംശങ്ങളുമാണ് നല്‍കേണ്ടത്.  വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് തൊഴിലാളികളെ കണ്ടെത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഫീല്‍ഡ് ടെസ്റ്റ് വ്യാപകമാവുന്നതോടെ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.