റോഡ് ഇൻഫ്രാസ്ട്രക്ചറിന്‍റെ ഗുണനിലവാരം ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഓടകളിലെ വെള്ളക്കെട്ടുകൾ വൃത്തിയാക്കാൻ ഒരു റോബോട്ടിനെ ഉപയോഗിക്കുന്നത്.
റിയാദ്: അടുത്തിടെ സൗദി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി റോഡ് പരിപാലന രംഗത്ത് പുതിയൊരു സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഓടകളിലെ വെള്ളക്കെട്ടുകൾ വൃത്തിയാക്കാൻ ഒരു റോബോട്ടിനെ ഉപയോഗിക്കുന്നതാണ് ഈ നൂതന പദ്ധതി. റോഡ് ഇൻഫ്രാസ്ട്രക്ചറിന്‍റെ ഗുണനിലവാരം ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പ്രത്യേകിച്ചും മഴക്കാലത്ത് റോഡുകളിലെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ റോഡ് ശൃംഖല ഒരുക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
പുതിയ റോബോട്ടിന് ഇടുങ്ങിയതും താഴ്ന്നതുമായ സ്ഥലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും. ഒതുക്കമുള്ള രൂപകൽപ്പനയും ഉയരം ക്രമീകരിക്കാനുള്ള സൗകര്യവും ഇതിനുണ്ട്. അതിനാൽ, ചെറിയ ഉയരത്തിലുള്ള ഓടകളിൽ പോലും എളുപ്പത്തിൽ പ്രവേശിക്കാൻ ഇതിന് സാധിക്കുന്നു. വിദൂര നിയന്ത്രണ സംവിധാനം ഉള്ളതുകൊണ്ട് തന്നെ അപകടകരമായ സ്ഥലങ്ങളിൽ ആളുകൾ നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും റോബോട്ട് സഹായിക്കും. ചെളി, മണൽ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാനുള്ള മികച്ച കഴിവ് ഈ റോബോട്ടിനുണ്ട്. ശബ്ദം കുറവാണെന്നതും കാർബൺ രഹിതമാണെന്നതും ഇതിൻ്റെ പ്രധാന പാരിസ്ഥിതിക നേട്ടങ്ങളാണ്. ഈ സവിശേഷതകൾ കാരണം അടഞ്ഞ സ്ഥലങ്ങളിൽ പോലും ഇത് ഉപയോഗിക്കാം, കാരണം ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല.
റോബോട്ട് എളുപ്പത്തിൽ കൊണ്ടുപോകാനും പ്രവർത്തിപ്പിക്കാനും സാധിക്കും. സങ്കീർണ്ണമായ ഉപകരണങ്ങൾ ഇല്ലാതെ തന്നെ ഇത് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ഉടൻ തന്നെ പ്രവർത്തനമാരംഭിക്കാം. അറ്റകുറ്റപ്പണികൾക്കായി റോഡുകളും തുരങ്കങ്ങളും അടച്ചിടുന്നത് ഈ സാങ്കേതികവിദ്യയിലൂടെ കുറയ്ക്കാൻ സാധിക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് 2030-ഓടെ റോഡ് ഗുണനിലവാര സൂചികയിൽ ആറാം സ്ഥാനത്തെത്താനും, റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം പേരിൽ അഞ്ചിൽ താഴെയായി കുറയ്ക്കാനും അതോറിറ്റി ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര റോഡ് അസ്സെസ്സ്മെന്റ് പ്രോഗ്രാം (ഐ.ആർ.എ.പി) നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് റോഡുകൾ സജ്ജമാക്കാനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
