മുംബൈയിലെ പൈധോനിയിൽ ഒരു കുടുംബത്തിലെ നാലുപേർ ഭക്ഷണവിഷബാധയേറ്റ് മരിച്ചതായി സംശയം. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടായ പിതാവും മാതാവും രണ്ട് മക്കളുമാണ് മരിച്ചത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
മുംബൈ: മുംബൈയിലെ പൈധോനിയിൽ കുടുംബത്തിലെ നാലുപേർ മരിച്ചു. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് ശേഷമാണ് കുടുംബത്തിലെ നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തിൽ നിന്നും വിഷബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 40 വയസ്സുകാരനായ അബ്ദുള്ള ദൊക്കാർഡിയ, 35 വയസ്സുള്ള ഭാര്യ നസ്രീൻ ദൊക്കാർഡിയ, 16-ഉം 13-ഉം വയസ്സുള്ള മക്കളായ അയിഷ, സെയിനബ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ആദ്യം ഇളയ മകളും പിന്നാലെ പിതാവും മരിച്ചു. മാതാവും മൂത്ത മകളും ചികിത്സക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. കടുത്ത ഛർദ്ദിയും വയറിളക്കവും മൂലം കുടുംബം രോഗബാധിതരാകുന്നതിന് മുമ്പ് ബിരിയാണിയും തണ്ണിമത്തനും കഴിച്ചിരുന്നെങ്കിലും, കൃത്യമായ കാരണം കണ്ടെത്താൻ ഉദ്യോഗസ്ഥർ ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.


