സൗദി: കൊവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സൗദി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളിലേക്ക്. നാളെ മുതൽ പൊതു ഗതാഗതം നിർത്തിവെയ്ക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 274 ആയി. കൂടുതല്‍പേരിലേക്ക് രോഗം പടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. 

കൊവിഡ് വ്യാപനത്തെ ചെറുക്കാനായി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളാണ് രാജ്യം കൈക്കൊള്ളുന്നത്. നാളെ രാവിലെ 6 മുതൽ പതിനാല് ദിവസത്തേക്ക് രാജ്യത്തെ ആഭ്യന്ത വിമാന സർവീസ്, ട്രെയിൻ സർവീസ്, ബസ്, ടാക്സി സർവീസ് എന്നിവ താൽക്കാലികമായി നിർത്തിവെയ്ക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. അടിയന്തിര വിമാന സർവീസുകൾ അനുവദിക്കും. എന്നാൽ കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾ പാലിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ട്. സർക്കാറിന്‍റെ വിവിധ ഏജൻസികളുടെയും പൊതു-സ്വകാര്യ ആരോഗ്യ മേഖലയിലെയും വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. ഒപ്പം വ്യാവസായിക സ്ഥാപനങ്ങളിലെ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്കും വിലക്ക് ബാധകമല്ല. ഹറമൈൻ ട്രെയിൻ ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതത്തിന് വിലക്ക് ബാധകമാണ്. എന്നാൽ ചരക്ക് നീക്കത്തിനായുള്ള ട്രെയിൻ ഗതാഗതത്തിനു വിലക്കില്ല. 

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മരുഭൂമികളിൽ ടെന്‍റ് കെട്ടി താമസിക്കുന്നത് ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഉല്ലാസത്തിനായി അവധി ദിവസങ്ങളിൽ നിരവധിയാളുകൾ കുടുംബത്തോടൊപ്പം മരുഭൂമികളിൽ ടെന്‍റ് കെട്ടി താമസിക്കുന്ന പതിവുള്ളതിനാലാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. സൗദിയിലെ ജയിലുകളിലും മുൻകരുതൽ നടപടികൾ ശക്തമാക്കി. ബന്ധുക്കൾ തടവുകാരെ സന്ദർശിക്കുന്നതും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.

മരുന്നുകളും ഫർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും കയറ്റി അയക്കുന്നതും നിർത്തിവെച്ചു.അതേസമയം മാസ്കുകളുടെയും അണുനശീകരണ ലായനികളുടെയും വില വർദ്ധിപ്പിച്ച 400 സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ മന്ത്രാലയം നടപടികളെടുത്തു. അന്യമായ വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കണ്ടെത്തുന്നതിന് കൂടുതൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. അന്യമായി വില വർദ്ധിപ്പിക്കുന്നവർക്കും വാണിജ്യ വഞ്ചന നടത്തുന്നവർക്കും പത്തു ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനും മുന്നറിയിപ്പ് നൽകി.