അടുത്ത മൂന്നുവർഷത്തേക്ക് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനുമായി ഉടമ്പടി ഒപ്പുവെച്ചു ആദ്യ മത്സരം ജിദ്ദയിൽ ജനുവരിയിൽ

റിയാദ്: സ്പാനിഷ് കപ്പ് ഫുട്ബോളിന് ആതിഥ്യമരുളാൻ സൗദി അറേബ്യ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോൾ മത്സരങ്ങൾ രാജ്യത്ത് നടക്കും. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, വലന്‍സിയ, അത്‌ലറ്റിക്കോ മാ‍ഡ്രിഡ് എന്നീ ടീമുകള്‍ അണി നിരക്കുന്ന ആദ്യ മത്സരം ജനുവരിയിൽ ജിദ്ദയിൽ നടക്കും. സൗദി അറേബ്യയുമായി പതിനാറ് കോടി റിയാലിന് ഉടമ്പടി ഒപ്പിട്ടതായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷൻ അറിയിച്ചു.

ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിന് ശേഷമാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച സ്പാനിഷ് സൂപ്പര്‍കപ്പിന്റെ പുതിയ വര്‍ഷത്തെ മത്സരങ്ങള്‍ക്ക് ജനുവരിയിലാണ് തുടക്കം. ജനുവരി ഒമ്പതിന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ വലന്‍സിയ, റയല്‍ മാഡ്രിഡിനെ നേരിടും. അതേദിവസം രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ബാഴ്സലോണ, അത്‌ലറ്റികോ മാഡ്രിഡിനേയും നേരിടും. ഫൈനല്‍ മത്സരം ജനുവരി 12നാണ്.

64,000 കാണികളെ ഉള്‍ക്കൊള്ളുന്ന ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. മൂന്ന് വര്‍ഷ കരാറിലൂടെ 16 കോടി റിയാൽ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് സൗദിയില്‍ നിന്ന് ലഭിക്കും. ഉടമ്പടി പ്രകാരം സ്ത്രീകള്‍ക്ക് സൗജന്യമായി മത്സരം കാണാനുള്ള അവസരമൊരുക്കും.