റിയാദ്: അടുത്ത വർഷത്തെ ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സൗദി അറേബ്യയ്ക്ക് ലഭിച്ചു. ജപ്പാനിലെ നഗോയയിൽ ചേർന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് സൗദിയുടെ അധ്യക്ഷ പദവി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള രാജകുമാരന്‍റെ അധ്യക്ഷതയിലാണ് സൗദി സംഘം യോഗത്തിൽ സംബന്ധിച്ചത്.

അടുത്ത ജി 20 ഉച്ചകോടിക്ക് സമഗ്രമായ പദ്ധതി സൗദി തയ്യാറാക്കിയിട്ടുണ്ടെന്നു ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ ജപ്പാനിൽ ചേർന്ന ജി.20 ഉച്ചകോടിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ പ്രസംഗത്തിൽ ജി 20 കൂട്ടായ്മക്ക് സൗദി നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് പരാമർശിച്ചിരുന്നു. ഭാവിയിൽ സാമ്പത്തിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളും അതിനുള്ള പോംവഴികളും സാമ്പത്തിക നയങ്ങളും സംരംഭങ്ങളും രൂപപ്പെടുത്താലും ഉൾക്കൊള്ളുന്നതാണ് സൗദിയുടെ പദ്ധതി.

എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനു വേണ്ടി ജി 20 രാജ്യങ്ങളുമായി സഹകരിച്ചു പദ്ധതി നടപ്പിലാക്കാൻ സൗദി മുൻകൈയെടുക്കും. ജി 20 കൂട്ടായ്മക്ക് നേതൃത്വം നൽകി സൗദി മുന്നോട്ടു വെയ്ക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ഡിസംബർ ആദ്യം പരസ്യപ്പെടുത്തും. ആഗോള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് അടുത്ത മാസം ആദ്യവാരത്തിൽ ജി 20 രാജ്യങ്ങളുടെ ധനമന്ത്രിമാർ റിയാദിൽ യോഗം ചേരുന്നുണ്ട്.