റിയാദ്: അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരെ ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണവും ഭീഷണിയും അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയോട് സൗദി അറേബ്യ ആവശ്യപ്പെട്ടു. യുഎന്നിലെ സൗദി പ്രതിനിധി അംബാസഡര്‍ അബ്ദുല്ല ബിന്‍ യഹ്യ അല്‍മഅ്‌ലമി രക്ഷാസമിതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ മാസം സൗദിയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായപ്പോള്‍ നടപടി ആവശ്യപ്പെട്ട് സൗദി യുഎന്‍ രക്ഷാസമിതിക്ക് കത്തയിച്ചിരുന്നു. ഹൂതി ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സൗദി അറേബ്യ രക്ഷാസമിതിയെ വീണ്ടും സമീപിച്ചത്. യെമനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള യുഎന്‍ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 27ന് ഹൂതികള്‍ അയച്ച മിസൈലിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് വീണ് റിയാദിലെ ഒരു വീടിന് നാശനഷ്ടമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ദിസാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് അഞ്ച് സിവിലിയന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് വീടുകളും ഒരു പലചരക്ക് കടയ്ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ മൂന്നു കാറുകള്‍ക്കും നാശനഷ്ടമുണ്ടായി. സൗദി അറേബ്യയ്‌ക്കെതിരെ ഹൂതി ആക്രമണം തുടരുന്നതിനെ രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു.