റിയാദ്​: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നതിനെതിരെ പൗരന്മാർക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി​. മാർച്ച്​ 31 മുതൽ കര, ​വ്യോമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ്​ പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തിന്റെ മുന്നോടിയായാണ്​ ഈ മുന്നറിയിപ്പ്​​. 

ലിബിയ, സിറിയ, ലബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, അഫ്​ഗാനിസ്​ഥാൻ, വെനിസ്വേല, ബെലാറസ്​ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക്​ മുമ്പ്​ ബന്ധപ്പെട്ട വകുപ്പിൽ നിന്ന്​ അനുമതി വാങ്ങണമെന്ന്​ മന്ത്രാലയം വ്യക്തമാക്കി​. കൊവിഡ്​ ഇതുവരെ നിയന്ത്രണ വിധേയമല്ലാത്തതും ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്​ റിപ്പോർട്ട് ചെയ്തതുമായ രാജ്യങ്ങളിലേക്ക്​ പോകാനാണ്​ മുൻകുട്ടി അനുമതി വേണ്ടത്​. മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ നിലവിലുള്ള സൗദി പൗരന്മാരോ അവിടേക്ക്​ പോകുന്നവരോ അവിടുത്തെ സൗദി എംബസികളിൽ അടിയന്തിരമായി പേരുകൾ രജിസ്റ്റർ ചെയ്യണം. അനുവദനീയ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണം.