റിയാദ്: സ്ത്രീകളെ ലക്ഷ്യമിട്ട് സൂഖുകൾക്ക് സമീപം കറങ്ങി പിടിച്ചുപറി നടത്തിയിരുന്ന സംഘത്തെ റിയാദിൽ പൊലീസ് പിടികൂടി. ഒമ്പതംഗ സംഘമാണ് വലയിലായത്. രണ്ടു സൗദി യുവാക്കളും അനധികൃത താമസക്കാരായ ഏഴു യമനികളുമാണ് പ്രതികൾ. റിയാദ് നഗരത്തിലെ വിവിധ സൂഖുകളിൽ സ്ത്രീകൾക്ക് പേടിസ്വപ്നമായി മാറിയിരുന്നു ഈ സംഘം. 

ബൈക്കുകളില്‍ കറങ്ങി വഴിപോക്കരുടെ വാനിറ്റി ബാഗുകളും പഴ്‌സുകളും തട്ടിപ്പറിച്ച് പണം കൈക്കലാക്കുകയാണ് സംഘം ചെയ്തിരുന്നത്. സൂഖുകളിലെത്തുന്ന സ്ത്രീകളെയാണ് സംഘം പ്രധാനമായും നോട്ടമിട്ടിരുന്നത്. ബത്ഹ, ഇസ്‌കാന്‍, ദീര, മൻഫുഅ, അസീസിയ ഡിസ്ട്രിക്റ്റുകളില്‍ ഇതേ രീതിയില്‍ 17 പിടിച്ചുപറി സംഭവങ്ങൾ നടത്തിയതായി ചോദ്യം ചെയ്യലില്‍ സംഘം പൊലീസിനോട് സമ്മതിച്ചു. ആകെ 33,000 ഓളം റിയാലാണ് സംഘം കൈക്കലാക്കിയത്.