റിയാദ്: ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില്‍പന ഇന്ന് മുതൽ. ഡിസംബര്‍ നാല് വരെ സൗദി ആഭ്യന്തര വിപണിയിൽ (തദാവുൽ) നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും ഓഹരികൾ സ്വന്തമാക്കാന്‍ അവസരമുള്ളത്. സൗദിയിൽ നിലവിലുള്ള വിദേശികളായ താമസക്കാര്‍ക്കും നിക്ഷേപകർക്കും ഓഹരി വാങ്ങാന്‍ അനുമതിയുണ്ടാകും.

രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഓഹരി വില്‍പനയുടെ ഭാഗമായി ഇന്ന് മുതൽ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ലോകത്തെ ഏറ്റവും ഭീമൻ എണ്ണ കമ്പനി പൊതു ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതൽ ആവേശത്തിലായ ലോക വിപണി കാത്തിരുന്ന ആ ദിനമാണ് ഇന്ന്. ഒരാൾ കുറഞ്ഞത് പത്ത് ഓഹരികളെങ്കിലും വാങ്ങണം.

അതിൽ കൂടുതൽ എത്ര വേണമെങ്കിലും സ്വന്തമാക്കാം. ഡിസംബര്‍ നാല് വരെയാണ് വിൽപന. അതിന്‍റെ പിറ്റേന്ന് അരാംകോ ഓഹരിയുടെ മൂല്യം പ്രഖ്യാപിക്കും. അതേസമയം വിൽപന തുടങ്ങുന്ന തിങ്കളാഴ്ച ഏകദേശ മൂല്യം മാത്രമേ അറിവാകൂ. യഥാർത്ഥ മൂല്യം ഡിസംബർ അഞ്ചിന് അറിയാം. വിൽപന തുടങ്ങുന്ന ഈ ഘട്ടത്തിൽ ആഭ്യന്തര വിപണിയായ തദാവുലിലാണ് ലിസ്റ്റ് ചെയ്യുന്നത്.

ആദ്യ ആറു മാസത്തേക്ക് അരാംകോയുടെ 0.5 ശതമാനം ഓഹരി മാത്രമാണ് വിപണിയിലെത്തുക. അതിന് ശേഷമേ കൂടുതല്‍ ഓഹരികൾ വില്‍ക്കൂ. എന്നാൽ ഡിസംബര്‍ അഞ്ചിന് ഓഹരി മൂല്യം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ ഓഹരികൾ വാങ്ങാന്‍ നിക്ഷേപകരെ അനുവദിക്കില്ല. അടുത്ത വര്‍ഷം ആഗോള വിപണിയിലും ഓഹരികൾ വിൽപനക്കെത്തും. ആകെ വില്‍ക്കുന്ന അഞ്ച് ശതമാനം ഓഹരിയില്‍ രണ്ട് ശതമാനത്തിന്‍റെ മൂല്യം 30 മുതല്‍ 40 ശതകോടി വരെ എത്തുമെന്നാണ് കമ്പനിയുടെ അവകാശ വാദം.