റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പനക്ക് സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനി, അരാംകോ ഒരുങ്ങി. സൗദി അരാംകോയുടെ രണ്ട് വരെ ശതമാനം വരെ ഓഹരികളാണ് വിപണിയിലിറക്കുന്നത്. ആദ്യം ആഭ്യന്തര വിപണിയില്‍ മാത്രമാണ് ഓഹരി വില്‍പനക്ക് വെക്കുക. സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് (തദാവുല്‍) വഴിയാണ് വില്‍പന. ഇതിനായി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അടുത്തയാഴ്ച ഓഹരികള്‍ വിപണിയിലെത്തുമെന്ന് കരുതുന്നു. 

സൗദി അരാംകോയുടെ രണ്ട് ശതമാനം ഓഹരിയുടെ മൂല്യം ഇരുപത് ശതകോടി ഡോളറാണ്. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനികളിലൊന്നാണ് സൗദി അരാംകോ. തുടക്കത്തില്‍ രണ്ടു ശതമാനം വരെയാണ് വിപണിയിലിറക്കുന്നതെങ്കിലും വൈകാതെ അത് അഞ്ച് ശതമാനം ഓഹരികള്‍ എന്ന നിലയിലേക്ക് ഉയര്‍ത്തും. അതായത് ദേശീയ എണ്ണ കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികള്‍ പൊതുജനത്തിന്റെ കൈയിലാവും. ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഓഹരി വില്‍പനയായി ഇത് മാറുന്നതോടെ ആഗോള ഓഹരി വിപണിയില്‍ സൗദി അറേബ്യയുടെ മൂല്യം കുത്തനെ ഉയരും. സൗദി അരാംകോയില്‍ നിക്ഷേപിക്കാന്‍ അബൂദബിയിലെയും സിംഗപ്പൂരിലേയും നിക്ഷേപകര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗോള വിപണിയില്‍ അരാംകോ ഓഹരികള്‍ എത്തിയാന്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികളും മുന്നോട്ടുവന്നേക്കും. എന്നാലിപ്പോള്‍ സൗദി ആഭ്യന്തര വിപണിയില്‍ ഇറങ്ങുന്നതിനെ കുറിച്ച് മാത്രമേ അരാംകോ പറയുന്നുള്ളൂ. ലോക ഓഹരി കേമ്പാളത്തിലേക്ക് വരുന്നതിനെ കുറിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നിരുന്നാലും ലോക ഓഹരി വിപണിയുടെ ശ്രദ്ധ ഇനിയുള്ള ദിനങ്ങളില്‍ അരാംകോയിലാകും എന്ന കാര്യത്തില്‍ സംശയമില്ല.