റിയാദ്: സൗദിയിലെ ഫാര്‍മസികളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള മാസ്കുകുകളുടെ വില്‍പ്പനയ്ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തികള്‍ക്ക് ഒരു ദിവസം പരമാവധി 10 മാസ്കുകള്‍ വരെ വില്‍ക്കാവൂ എന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാസ്കുകള്‍ക്ക് ക്ഷാമം വരാതിരിക്കാനും എല്ലാവര്‍ക്കും ലഭ്യമാക്കാനും വേണ്ടിയുമാണ് ഇത്തരമൊരു നിയന്ത്രണം.

സൗദി വാണിജ്യ മന്ത്രാലയവും മറ്റ് വകുപ്പുകളും മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വിലയും നിശ്ചിയിച്ചിട്ടുണ്ട്. 60 ഹലാല മുതല്‍ ഒരു റിയാല്‍ വരെയാണ് കമ്പനികളുടെയും മാസ്കുകളുടെയും ഇനമനുസരിച്ച് വില. 50 മില്ലീ ലിറ്റര്‍ അണുനശീകരണിക്ക് എട്ട് മുതല്‍ 18 റിയാല്‍ വരെയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ 1900 എന്ന നമ്പറില്‍ അറിയിക്കണം.