Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾക്ക് അനുമതി

ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്ന് രേഖപ്പെടുത്തിയ വിദേശ സാധനങ്ങൾ കസ്റ്റംസ് തീരുവ ഒടുക്കാതെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാൻ നിയമം അനുവദിക്കുന്നു. 

Saudi authorities allow to open new duty free markets in the country
Author
First Published Jan 16, 2023, 12:03 PM IST

റിയാദ്: വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ ഉൾപ്പടെ സൗദി അറേബ്യയുടെ പ്രവേശന കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ്ആൻ അംഗീകാരം നൽകി. കര, വ്യോമ, കടൽ മാർഗേണ യാത്രക്കാർ വന്നുപോകുന്ന കേന്ദ്രങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നിയമ വ്യവസ്ഥകളുടെയും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുടെ വിശദാംശങ്ങൾ ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറ’ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.

ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്ന് രേഖപ്പെടുത്തിയ വിദേശ സാധനങ്ങൾ കസ്റ്റംസ് തീരുവ ഒടുക്കാതെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാൻ നിയമം അനുവദിക്കുന്നു. വാണിജ്യ, വ്യവസായ നിയമങ്ങളും സാഹിത്യപരവും കലാപരവുമായ സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ലംഘിക്കുന്നവ ഒഴികെയുള്ള എല്ലാത്തരം സാധനങ്ങളും ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിലും അവരുടെ വെയർഹൗസുകളിലും സൂക്ഷിക്കാനും അനുമതിയുണ്ട്. സാമ്പത്തിക ഉപരോധത്തിന് വിധേയമല്ലാത്ത രാജ്യത്ത് ഉത്പാദിപ്പിച്ചതും സൗദി അറേബ്യയിൽ നിരോധിച്ചിട്ടില്ലാത്തതുമായിരിക്കണം ഇത്തരം സാധനങ്ങൾ എന്നതാണ് വ്യവസ്‌ഥ.  

സ്വദേശി ഉത്പന്നങ്ങളുടെ വിൽപനയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യം മുൻനിർത്തി വാർഷിക പ്രവർത്തന പദ്ധതി നടപ്പാക്കാൻ ഡ്യൂട്ടി ഫ്രീ മാർക്കറ്റ് ഓപ്പറേറ്റർമാർ ബാധ്യസ്ഥരാണ്. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി ഓരോ വർഷത്തിന്റെയും മധ്യത്തിൽ ഇത് അവലോകനം ചെയ്യും. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് ദിവസത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കാം. 

ഇത്തരം നികുതി രഹിത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി സക്കാത്ത്, കസ്റ്റംസ് ആൻഡ് ടാക്‌സ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം. മാർക്കറ്റിന്റെ പ്രവർത്തന രൂപരേഖ ഉൾപ്പെടുന്ന വാണിജ്യ രജിസ്റ്ററും സാധുതയുള്ള സോഷ്യൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റും ഇതിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിന് ശേഷം നിയമങ്ങൾ പ്രാബല്യത്തിൽ വരും.

Read also: സൗദിക്ക് പോകുന്നവർക്ക് സന്തോഷവാർത്ത! പ്രഫഷനൽ വിസാ സ്റ്റാമ്പിംഗിൽ ആശ്വാസനടപടി; മാസങ്ങളുടെ കാത്തിരിപ്പ് ഇനിവേണ്ട

Follow Us:
Download App:
  • android
  • ios