ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തിയതിന് 1,071 ഡ്രൈവർമാരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടി. നിയമലംഘകരുടെ വാഹനം കണ്ടുകെട്ടൽ, വൻതുക പിഴ ചുമത്തൽ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചു.  

റിയാദ്: ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ നടപടി ശക്തമാക്കി പൊതുഗതാഗത അതോറിറ്റി. നവംബർ ഒന്നു മുതൽ ഏഴ് വരെ നടത്തിയ പരിശോധനയിൽ അനധികൃത ടാക്സി സർവിസ് നടത്തിയതിന് 1,071 ഡ്രൈവർമാരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടി.

നിയമലംഘകരുടെ വാഹനം കണ്ടുകെട്ടൽ, വൻതുക പിഴ ചുമത്തൽ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചു. അറസ്റ്റിലായതിൽ 500 പേർക്ക് ടാക്സി സർവിസ് നടത്താൻ ലൈസൻസില്ലാത്തവരാണ്. ബാക്കിയുള്ളവർ നിയമവിരുദ്ധമായി യാത്രക്കാരെ വിളിച്ചുകയറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയവരാണ്. 20,000 റിയാൽ വരെയാണ് പിഴ. 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയാണ്. അനധികൃത ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റൽ പോലുള്ള കുറ്റങ്ങൾ ആവർത്തിച്ചാൽ 11,000 റിയാൽ വരെ പിഴ ചുമത്തും. 25 ദിവസം വരെ വാഹനം കണ്ടുകെട്ടും.